തിരുവനന്തപുരം: വിട്ടുവീഴ്ച ചെയ്ത് ഇടതുമുന്നണിയിലെ ഐക്യം നിലനിർത്തേണ്ടതില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി വേണമെന്ന ആവശ്യത്തിൽനിന്നു പിന്നോട്ടു പോകേണ്ടതില്ലെന്നും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
പാർട്ടിയുടെ ആത്മാഭിമാനം സിപിഎമ്മിനു മുൻപിൽ പണയം വയ്ക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. നേരത്തേ സിപിഎമ്മിന്റെ പല കടുംപിടിത്തങ്ങളിലും സിപിഐ വിട്ടുവീഴ്ച ചെയ്തതാണ് ഇടതുമുന്നണിയുടെ വലിയ പരാജയത്തിന് കാരണമായത്. ഉപനേതൃപദവി വേണമെന്ന സിപിഐ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ഇക്കാര്യത്തിൽ മാറ്റം വന്നാൽ അറിയിക്കാം. ഇന്നത്തെ എൽഡിഎഫ് കെട്ടിപ്പടുക്കുന്നതിൽ സിപിഐയുടെ പങ്ക് നിർണായകമാണ്. മുഖ്യമന്ത്രിസ്ഥാനം പോലും പുല്ലുപോലെ വലിച്ചെറിഞ്ഞ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃപദവി എന്നൊന്നില്ലെന്ന സിപിഎമ്മിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, കീഴ്വഴക്കങ്ങളെല്ലാം മാറ്റപ്പെടേണ്ടതാണെന്ന അഭിപ്രായമാണ് അദ്ദേഹം ഉയർത്തിയത്.
പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം- സിപിഐ തർക്കം കൂടുതൽ വഷളാകുന്ന സാഹചര്യമുണ്ടാകുമെന്നാണു വിലയിരുത്തൽ. പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്കു വിട്ടുനൽകേണ്ടതില്ലെന്നു കഴിഞ്ഞ ദിവസം സിപിഎം തീരുമാനിച്ചിരുന്നു.
സിപിഎം- സിപിഐ സംസ്ഥാന സെക്രട്ടറിമാർ തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലും സിപിഎമ്മും സിപിഐയും തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ഉപനേതൃപദവി സംബന്ധിച്ച ചർച്ചയുണ്ടാകുമെന്ന സൂചനയുണ്ട്.
ഇടത് ഐക്യം പ്രധാനം: എം.വി. ഗോവിന്ദന്
തിരുവനന്തപുരം: ഇടത് ഐക്യം പ്രധാനമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചുനില്‍ക്കുകയും ഇക്കാര്യത്തില്‍ ആത്മാഭിമാനം പണയം വയ്ക്കില്ലെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശത്തിനു മറുപടിയായിട്ടായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.